Latest Entries »

അങ്ങനെ അതും കേള്‍ക്കാന്‍ നമുക്ക് ഭാഗ്യം ലഭിച്ചു.
“മഹാത്മാ ഗാന്ധിജിയുടെ ആത്മാവ് സന്തോഷിച്ചു.” പറഞ്ഞത് (സ്വദേശി)  മാഡം സുഷമ സ്വരാജ്.
ഗോഡ്സെയുടെ വെടിയുണ്ടയുടെ വേദന ഇപ്പഴാ കുറഞ്ഞത്.

ഇക്കണ്ട കാലം മുഴുവന്‍ നമ്മുടെ രാഷ്ട്രപിതാവിന്‍റെ ആത്മാവ് ദുഃഖിച്ചു  കഴിയുകയായിരുന്നു. ഏതായാലും ഇനി ഒന്ന് സന്തോഷിക്കാം.

പട്ടിണിയും, അക്രമവും, വര്‍ഗ്ഗീയതയും ആയിരുന്നു അദ്ദേഹത്തിന്‍റെ ദുഃഖം. അതൊക്കെ നമ്മുടെ നാട്ടില്‍ നിന്ന് നീക്കാന്‍ എത്രയോ കാലങ്ങളായി എത്രയോ സര്‍ക്കാരുകള്‍ ശ്രമിച്ചു. ഇടക്ക് സുഷുമ മാഡത്തിന്‍റെ പാര്‍ട്ടിയും അതിന് ശ്രമിച്ചു. ഒരു ഫലവും ഉണ്ട്ടായില്ല.

ഇതിത്ര എളുപ്പം സാധിക്കുമെന്ന്‍ ഇപ്പോഴല്ലേ പിടികിട്ടിയത്. പാതിരാത്രിയില്‍ ഒരു ഡാന്‍സ്. അത് രാജ്ഖട്ടില്‍ തന്നെ വേണം. സംഗതി ക്ലീന്‍!

ഗാന്ധിജിക്ക് ഇതില്‍ പരം സന്തോഷിക്കാന്‍ ഇനി എന്തുവേനമെന്നാ ഇപ്പോള്‍ മാഡത്തിന്‍റെ ചോദ്യം.

ഇത്രയൊക്കെ മതിയെന്ന്‍ ഏത്  ഗാന്ധിയനും സമ്മദിക്കും.

ചില ഗാന്ധിയന്മാര്‍ക്ക് ഒരു സംശയം.  ”ഈ സുഷുമ മാഡത്തിന് ഇത്ര എളുപ്പം ഗാന്ധിജിയെ സന്തോഷിപ്പിക്കാന്‍ അറിയാമായിരുന്നിട്ടും ഈ ഡാന്‍സ് ഇത്ര താമസിപ്പിച്ച ന്തിനാ?”

ഈ ഡാന്‍സില്‍  നിന്നും  ആര്‍ എസ്‌ എസ്സിനും മറ്റു പോഷക പരിവാറു കാര്‍ക്കും പഠിക്കാന്‍ ഒരു നല്ല പാഠം കൂടി സുഷമ  മാഡം തയ്യാറാക്കി.

പാഠം .

ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ ചെയ്യേണ്ടത്. ആദ്യം വെടിവെച്ചുകൊല്ലുക. പിന്നെ കൊല്ലപ്പെട്ട ആളുടെ സമാധിയില്‍ ഡാന്‍സ് ചെയ്യുക. (പറ്റുമെങ്കില്‍ രാത്രിയില്‍ തന്നെ വേണം )

അയാളുടെ ആത്മാവ് സന്തോഷിക്കാതെ എവിടെ പോകാന്‍ ?

പട്ടിണി കിടന്നു മടുത്തിട്ടാ നാടുവിട്ടത് .
തമിഴ്നാടുവരെ പോയാല്‍ മതി എന്ന് കരുതി പുറപ്പെട്ടു. എത്തിയത് ഡല്‍ഹിയില്‍!
ഏതായാലും നാടുവിട്ടു. തമിഴ്നാടായാലെന്ത് ഡല്‍ഹിയായാലെന്ത് ? അന്ന്യനാടുതന്നെ .
പക്ഷെ ഇപ്പോള്‍ അന്ന്യനാട്ടില്‍ പട്ടിണി കിടക്കുന്നു എന്നൊരു വ്യത്യാസം മാത്രം. രാത്രി കിടപ്പ് വഴിയില്‍.
എന്തെങ്കിലും പണി കിട്ടിയാല്‍ നാളെ വല്ലതും കഴിക്കാം എന്ന പ്രതീക്ഷയില്‍ ആണ് ഉറങ്ങാന്‍ കിടന്നത്.
വിശപ്പും ക്ഷീണവും ഉണ്ടെങ്കില്‍ പിന്നെ ഉറങ്ങാന്‍ വിഷമമില്ലല്ലോ ?
ആളുകളുടെ നിലവിളിയും ഓടുന്ന ശബ്ദവും കേട്ടാണ് ഉണര്‍ന്നത്. എന്തൊരു ബഹളം. എന്താണാവോ സംഭവം?
പോലീസ് ആളുകളെ ഓടിക്കുന്നു. ചിലര്‍ ഓടുന്നു. മറ്റുചിലര്‍ മുദ്രാവാക്യം വിളിക്കുന്നു.
കണ്ണൊക്കെ നീറാന്‍ തുടങ്ങി. കിടന്നിടത്തുനിന്നും എഴുന്നേറ്റ് ഓടാതെ ഇനി നിവര്‍ത്തി ഇല്ല.
കൂടെ ഓടിയ ഒരു ചെരുപ്പുകുത്തി ആണ് എന്നോട് കാര്യം പറഞ്ഞത് . “രാംദേവ് സ്വാമി പട്ടിണി കിടക്കാന്‍ പോലീസ് അനുവദിക്കില്ലത്രെ. അങ്ങേര് പട്ടിണി കിടന്നാല്‍ വല്ല്യ പ്രശ്നമാകും പോലും.”
ട്രെയിനിലെ മൂന്ന്‍ ദിവസം കൂടി കൂട്ടി ഇന്നിപ്പോള്‍ എഴുദിവസമായി ഞാന്‍ പട്ടിണി കിടക്കുന്നു. ഒരു കുഴപ്പവും ഇല്ല. രാംദേവ് സ്വാമി പട്ടിണി കിടന്നാല്‍ ഈ പോലീസിനെന്താണോ നഷ്ടം?

 

സര്‍ക്കാരിനെയും വകുപ്പുമന്ത്രിമാരെയും വിഷമിപ്പിക്കുന്ന 2 പ്രശ്നങ്ങള്‍. സംശയമില്ല. “മദ്യദുരന്തം വ്യാജ ലോട്ടറിയെ വിഴുങ്ങി” എന്ന് ‍ധനമന്ത്രി ആശ്വസിക്കുന്നു എന്നാണല്ലോ ആരോപണം. മദ്യവും ലോട്ടറിയും കൊണ്ടുള്ള ലാഭം വേണ്ടന്നുവയ്ക്കാന്‍ ഒരു സര്‍ക്കാരും ഒരുക്കമല്ല. (പണത്തിന്‍റെ മീതെ ഒരു സര്‍ക്കാരും പറക്കില്ലല്ലോ !)

 

മദ്യ ദുരന്തത്തിന്‍റെ കാരണം ?
 
പ്രതിപക്ഷം പറയുന്നു – സര്‍ക്കാര്‍
 
സര്‍ക്കാര്‍ പറയുന്നു - അട്ടിമറി
 
എക്സ് സൈസ് വകുപ്പ് പറയുന്നു -  രാഷ്ട്രീയ ഇടപെടല്‍
 
സയന്‍സ് പറയുന്നു പറയുന്നു - മീതെയില്‍ ആല്‍ക്കഹോള്‍
 
മരിച്ചവരുടെ കുടുംബംഗങ്ങള്‍ പറയുന്നു - മദ്യപാനം
 
മീതെയില്‍ ആല്‍ക്കഹോള്‍ എന്ന വിഷം ഈതെയില്‍ ആല്‍ക്കഹോള്‍ എന്ന നല്ല മദ്യത്തില്‍ കലരുന്നതാണ്  ഇതിന്‍റെ കാരണം എന്ന്‍ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.
പക്ഷെ മദ്യ ദുരന്തത്തിന്‍റെ യഥാര്‍ത്ഥ കാരണം മീതെയില്‍ ആള്‍ക്കഹോളല്ല! ഈതെയില്‍ ആല്‍ക്കഹോള്‍ തന്നെയാ.
 
വിശ്വാസം വരുന്നില്ല അല്ലേ?
 
കുടിച്ചു തുടങ്ങിയത് നല്ല മദ്യം ആയിരുന്നു. ഇപ്പോള്‍ അതില്ലാതെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതി ആയി. ഇപ്പൊ ഗുണമൊന്നും നോക്കാന്‍ പറ്റില്ല. കിട്ടിയത് കുടിക്കും. അത് ചിലപ്പോള്‍ വിഷമായിരിക്കും. പക്ഷെ അതില്ലാതെ പറ്റില്ല. ഈ സ്ഥിതിയില്‍ അവരെ എത്തിച്ചത് നല്ല മദ്യം (ഈതെയില്‍ ആല്‍ക്കഹോള്‍)  തന്നെ ആണ്. ഇനി നിങ്ങള്‍ തന്നെ പറയൂ!
 
മദ്യ ദുരന്തത്തിന്‍റെ കാരണം ?
നല്ല മദ്യം (ഈതെയില്‍ ആല്‍ക്കഹോള്‍)

 

ഇത്രേ ഒള്ളൂ ജീവിതം
തമ്പുരാന്‍ വിളിച്ചു
വിധി
സമയമായി!
വീട്ടുകാര്‍ക്കുപോയി

പാവം മക്കള്‍ അനാഥരായി,
നല്ലമനുഷ്യനായിരുന്നു.
ഇനി മക്കള്‍ രക്ഷപെടും.
ആ പെണ്ണിന്‍റെ കഷ്ടകാലം കഴിഞ്ഞു,
പെട്ടെന്നായിരുന്നു,
തന്തയും തള്ളയും എങ്ങനെ സഹിക്കും,
ഒരു അസുഖവും ഇല്ലായിരുന്നല്ലോ?
എത്ര നാളായി കിടന്ന കിടപ്പില്‍…,
ആ കുഞ്ഞുങ്ങള്‍ക്ക്‌ ഇനി ആരുമില്ല.
എന്തിനാ ഈ കടുംകൈ ചെയ്തത്‌,
നന്നായി എന്തുമാത്രം വേദന സഹിച്ചു.

ശവം മോര്‍ച്ചറിയില്‍ വച്ചോ?
എനിക്ക് തീരാത്ത നഷ്ടം.
നടുക്കവും ഖേദവും രേഖപ്പെടുത്തുന്നു.
ആദരാഞ്ചലികള്‍.
സ്വത്തൊക്കെ വീതം വച്ചോ?
വില്‍പത്രം എഴുതിക്കാനും.
കേസുകാണും അല്ലെ?
നല്ല മരണം
ഇനി അങ്ങേര്‍ക്ക് എന്തും ആകാമല്ലോ!
കഴിഞ്ഞ 10 വര്‍ഷം ഹെഡ് മാസ്റര്‍ ആയി ജോലി ചെയ്ത സ്കൂളില്‍ നിന്നും വിരമിക്കാന്‍ ഇനി ഒരു മാസം കൂടിയെ ഉള്ളൂ.
ഗോപാലന്‍ സാര്‍ തന്‍റെ ഓഫീസ് മുറിയില്‍ തനിച്ചിരുന്ന് ജൊലിചെയ്യുന്നതിനിടെ ആലോചിച്ചു. ഒരു അദ്ധ്യാപകനായിട്ടാണ് ജോലി തുടങ്ങിയത്. നല്ല അദ്ധ്യാപകന്‍ എന്ന പേരും താമസിക്കാതെ ലഭിച്ചു. മുന്‍ ഹെഡ് മാസ്റര്‍ വാര്യര്‍ സാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ ഗോപാലന്‍ സാര്‍ ഹെഡ് മാസ്റര്‍ ആയി.
കഴിഞ്ഞ 10 വര്‍ഷം സ്കൂളില്‍ ഉണ്ടായ നേട്ടങ്ങളെ കുറിച്ച് ഗോപാലന്‍ സാര്‍ ചാരിതാര്‍തഥൃത്തോടെ ഓര്‍ത്തു. കുട്ടികള്‍ക്ക്‌ കളിക്കാന്‍ ഒരു ഗ്രൌണ്ട് ഇല്ലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഗ്രൌണ്ട് നിര്‍മ്മിക്കാന്‍  തനിക്ക്‌  കഴിഞ്ഞു. ഈ വര്‍ഷവും സ്കൂളിലെ ചില കുട്ടികള്‍ ജില്ലാ തലത്തില്‍ കായിക മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയതിന്‍റെ കാരണം അതാണ്. ഗ്രാമത്തിലെ സ്കൂള്‍ അല്ലെ. വിജയ ശതമാനം വളരെ കുറവായിരുന്നു. അവധി ദിവസങ്ങളിലും സ്കൂള്‍ സമയം കഴിഞ്ഞും കൂടുതല്‍ ക്ലാസ്സുകള്‍ എടുത്ത്‌ നല്ല വിജയം നേടാന്‍ കുട്ടികളെ സഹായിച്ചു. സ്കൂളിനെയും അവിടുത്തെ കുട്ടികളെയും അദ്ധ്യാപകരെയും ആത്മാര്‍ഥമായി സ്നേഹിക്കുകയും അവരുടെ അഭിവൃദ്ധിക്കായി ശ്രമിക്കയും ചെയ്തതുകൊണ്ട് സ്കൂള്‍ സ്വന്തം വീടുപോലെ ആയിരുന്നു. സ്കൂളിന്‍റെ മുറ്റത്തുനില്‍ക്കുന്ന മാവും തണല്‍മരങ്ങളും എല്ലാം തന്‍റെ കൈ കൊണ്ട് വച്ചതാണ് .സ്വന്തം വീട്ടില്‍ ഒരു വാഴ പോലും വയ്ക്കാത്ത ആളാണെന്ന് ഭാര്യ പറയാറുണ്ട്.
ഒരിക്കല്‍ അദ്ധ്യാപകസമരം നടക്കുകയായിരുന്നു. കുട്ടികളുടെ പഠിത്തം മുടങ്ങാതിരിക്കാന്‍, സമരം നടക്കുന്ന സമയത്ത് ഹെഡ് മാസ്റ്റര്‍ ആയ താന്‍ തന്നെ ചില പാഠങ്ങള്‍ പഠിപ്പിച്ച് തീര്‍ത്തു. സമരം നടന്നിട്ടും പഠിപ്പ്‌ മുടങ്ങിയില്ല.
ഹാ! അതൊക്കെ പഴയ കഥ. ഒരുമാസം കൂടി. അതുകഴിഞ്ഞാല്‍ പിന്നെ ഞാന്‍ മുന്‍ ഹെഡ് മാസ്റ്റര്‍. ഗോപാലന്‍ സാര്‍ തന്‍റെ ജോലിയിലേക്ക് മടങ്ങി വന്നു.
കഴിഞ്ഞ അദ്ധ്യാപകരുടെ യോഗത്തില്‍ തനിക്ക് യാത്ര അയപ്പ് നല്‍കുന്നതിനെ പറ്റി ചര്‍ച്ച ചെയ്തു. തീയതിയും ക്ഷണിക്കേണ്ട അതിഥികളെയും തീരുമാനിച്ചു.
വിരമിക്കുമ്പോള്‍ ഒരു നല്ല തുക ആനുകൂല്യങ്ങളായി ലഭിക്കും.  ആ തുകയില്‍ നിന്നും അല്പം എടുത്ത് സ്കൂളില്‍ തന്‍റെ ഓര്‍മ്മക്കായി എന്തെങ്കിലും ചെയ്യണം. തന്‍റെ ഓര്‍മ്മക്കായി എന്താ ചെയ്യേണ്ടത്?
“സാറിന്‍റെ ഒരു നല്ല ഫോട്ടോ ഫ്രെയിം ചെയ്ത് സ്കൂളില്‍ വയ്ക്കാം”  .  കരുണന്‍ സാറിന്‍റെ അഭിപ്രായമായിരുന്നു അത്.
എന്നാല്‍ അങ്ങനെ തന്നെ. ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് സ്കൂളില്‍ വയ്ക്കാം. വരുന്ന തലമുറ എന്നെ ഓര്‍ക്കുമല്ലോ? ഗോപാലന്‍സാര്‍ വിചാരിച്ചു.
അടുത്ത ശനിയാഴ്ച രാവിലെ ഗോപാലന്‍സാര്‍ ബസ്‌ കയറി ടൌണില്‍ പോയി. അവിടുത്തെ ഒരു നല്ല സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുത്തു. അത് വലുതാക്കി ഫ്രെയിം ചെയ്യാന്‍ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞു കിട്ടും.
സാര്‍ മടങ്ങി സ്കൂളില്‍ എത്തി.വിരമിക്കാന്‍ പോവുകയല്ലേ? ഓഫീസ് ഒക്കെ വൃത്തിയാക്കി വയ്ക്കാം. ഗോപാലന്‍സാര്‍ ഓഫീസ് വൃത്തിയാക്കാന്‍ തുടങ്ങി. അലമാരി ഭിത്തിയുടെ അടുത്തിരിക്കുകയായിരുന്നു. അത് സാര്‍ തള്ളി അല്പം മുമ്പോട്ടു മാറ്റി. അതിന്‍റെ പുറകില്‍ മുഴുവന്‍ പോടിയായിരുന്നു. പൊടി തൂക്കാന്‍ കൈ നീട്ടിയപ്പോള്‍ എന്തോ കൈയില്‍ തടഞ്ഞു.
ഇതെന്തയിരിക്കും?
ആകാംക്ഷയോടെ അതെടുത്തു.
അതിന്‍റെ പൊടി വൃത്തിയാക്കിനോക്കിയപ്പോള്‍ ഒരു  ഫോട്ടോ ഫ്രെയിം.
10 വര്‍ഷം മുന്‍പ്‌ ജോലിയില്‍ നിന്നും വിരമിച്ച ഹെഡ് മാസ്റര്‍ വാര്യര്‍ സാറിന്‍റെ ഫോട്ടോ ആയിരുന്നു അത്.
അല്‍പസമയം ആ ഫോട്ടോയിലേക്ക് നോക്കിനിന്ന ഗോപാലന്‍ സാര്‍ പോക്കറ്റില്‍ നിന്നും തൂവാല എടുത്ത് നെറ്റിയിലെ വിയര്‍പ്പ് തുടച്ചു. ഉടനെ തന്നെ ഓഫീസ് പൂട്ടി അടുത്ത ബസില്‍ കയറി ടൌണിലേക്ക് പോയി.
അന്ന് രാവിലെ എടുത്ത സ്വന്തം ഫോട്ടോ ഫ്രെയിം ചെയ്യേണ്ടഎന്ന് സ്റ്റുഡിയോയില്‍ പോയി പറയാനായിരുന്നു അത്.
Follow

Get every new post delivered to your Inbox.