കഴിഞ്ഞ 10 വര്‍ഷം ഹെഡ് മാസ്റര്‍ ആയി ജോലി ചെയ്ത സ്കൂളില്‍ നിന്നും വിരമിക്കാന്‍ ഇനി ഒരു മാസം കൂടിയെ ഉള്ളൂ.
ഗോപാലന്‍ സാര്‍ തന്‍റെ ഓഫീസ് മുറിയില്‍ തനിച്ചിരുന്ന് ജൊലിചെയ്യുന്നതിനിടെ ആലോചിച്ചു. ഒരു അദ്ധ്യാപകനായിട്ടാണ് ജോലി തുടങ്ങിയത്. നല്ല അദ്ധ്യാപകന്‍ എന്ന പേരും താമസിക്കാതെ ലഭിച്ചു. മുന്‍ ഹെഡ് മാസ്റര്‍ വാര്യര്‍ സാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ ഗോപാലന്‍ സാര്‍ ഹെഡ് മാസ്റര്‍ ആയി.
കഴിഞ്ഞ 10 വര്‍ഷം സ്കൂളില്‍ ഉണ്ടായ നേട്ടങ്ങളെ കുറിച്ച് ഗോപാലന്‍ സാര്‍ ചാരിതാര്‍തഥൃത്തോടെ ഓര്‍ത്തു. കുട്ടികള്‍ക്ക് കളിക്കാന്‍ ഒരു ഗ്രൌണ്ട് ഇല്ലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഗ്രൌണ്ട് നിര്‍മ്മിക്കാന്‍ തനിക്ക് കഴിഞ്ഞു. ഈ വര്‍ഷവും സ്കൂളിലെ ചില കുട്ടികള്‍ ജില്ലാ തലത്തില്‍ കായിക മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയതിന്‍റെ കാരണം അതാണ്. ഗ്രാമത്തിലെ സ്കൂള്‍ അല്ലെ. വിജയ ശതമാനം വളരെ കുറവായിരുന്നു. അവധി ദിവസങ്ങളിലും സ്കൂള്‍ സമയം കഴിഞ്ഞും കൂടുതല്‍ ക്ലാസ്സുകള്‍ എടുത്ത് നല്ല വിജയം നേടാന്‍ കുട്ടികളെ സഹായിച്ചു. സ്കൂളിനെയും അവിടുത്തെ കുട്ടികളെയും അദ്ധ്യാപകരെയും ആത്മാര്‍ഥമായി സ്നേഹിക്കുകയും അവരുടെ അഭിവൃദ്ധിക്കായി ശ്രമിക്കയും ചെയ്തതുകൊണ്ട് സ്കൂള്‍ സ്വന്തം വീടുപോലെ ആയിരുന്നു. സ്കൂളിന്‍റെ മുറ്റത്തുനില്‍ക്കുന്ന മാവും തണല്‍മരങ്ങളും എല്ലാം തന്‍റെ കൈ കൊണ്ട് വച്ചതാണ് .സ്വന്തം വീട്ടില്‍ ഒരു വാഴ പോലും വയ്ക്കാത്ത ആളാണെന്ന് ഭാര്യ പറയാറുണ്ട്.
ഒരിക്കല്‍ അദ്ധ്യാപകസമരം നടക്കുകയായിരുന്നു. കുട്ടികളുടെ പഠിത്തം മുടങ്ങാതിരിക്കാന്‍, സമരം നടക്കുന്ന സമയത്ത് ഹെഡ് മാസ്റ്റര്‍ ആയ താന്‍ തന്നെ ചില പാഠങ്ങള്‍ പഠിപ്പിച്ച് തീര്‍ത്തു. സമരം നടന്നിട്ടും പഠിപ്പ് മുടങ്ങിയില്ല.
ഹാ! അതൊക്കെ പഴയ കഥ. ഒരുമാസം കൂടി. അതുകഴിഞ്ഞാല്‍ പിന്നെ ഞാന്‍ മുന്‍ ഹെഡ് മാസ്റ്റര്‍. ഗോപാലന്‍ സാര്‍ തന്‍റെ ജോലിയിലേക്ക് മടങ്ങി വന്നു.
കഴിഞ്ഞ അദ്ധ്യാപകരുടെ യോഗത്തില്‍ തനിക്ക് യാത്ര അയപ്പ് നല്‍കുന്നതിനെ പറ്റി ചര്‍ച്ച ചെയ്തു. തീയതിയും ക്ഷണിക്കേണ്ട അതിഥികളെയും തീരുമാനിച്ചു.
വിരമിക്കുമ്പോള്‍ ഒരു നല്ല തുക ആനുകൂല്യങ്ങളായി ലഭിക്കും. ആ തുകയില്‍ നിന്നും അല്പം എടുത്ത് സ്കൂളില്‍ തന്‍റെ ഓര്‍മ്മക്കായി എന്തെങ്കിലും ചെയ്യണം. തന്‍റെ ഓര്‍മ്മക്കായി എന്താ ചെയ്യേണ്ടത്?
“സാറിന്‍റെ ഒരു നല്ല ഫോട്ടോ ഫ്രെയിം ചെയ്ത് സ്കൂളില്‍ വയ്ക്കാം” . കരുണന്‍ സാറിന്‍റെ അഭിപ്രായമായിരുന്നു അത്.
എന്നാല്‍ അങ്ങനെ തന്നെ. ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് സ്കൂളില്‍ വയ്ക്കാം. വരുന്ന തലമുറ എന്നെ ഓര്‍ക്കുമല്ലോ? ഗോപാലന്‍സാര്‍ വിചാരിച്ചു.
അടുത്ത ശനിയാഴ്ച രാവിലെ ഗോപാലന്‍സാര്‍ ബസ് കയറി ടൌണില്‍ പോയി. അവിടുത്തെ ഒരു നല്ല സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുത്തു. അത് വലുതാക്കി ഫ്രെയിം ചെയ്യാന്‍ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞു കിട്ടും.
സാര്‍ മടങ്ങി സ്കൂളില്‍ എത്തി.വിരമിക്കാന്‍ പോവുകയല്ലേ? ഓഫീസ് ഒക്കെ വൃത്തിയാക്കി വയ്ക്കാം. ഗോപാലന്‍സാര്‍ ഓഫീസ് വൃത്തിയാക്കാന്‍ തുടങ്ങി. അലമാരി ഭിത്തിയുടെ അടുത്തിരിക്കുകയായിരുന്നു. അത് സാര്‍ തള്ളി അല്പം മുമ്പോട്ടു മാറ്റി. അതിന്‍റെ പുറകില്‍ മുഴുവന്‍ പോടിയായിരുന്നു. പൊടി തൂക്കാന്‍ കൈ നീട്ടിയപ്പോള്‍ എന്തോ കൈയില്‍ തടഞ്ഞു.
ഇതെന്തയിരിക്കും?
ആകാംക്ഷയോടെ അതെടുത്തു.
അതിന്‍റെ പൊടി വൃത്തിയാക്കിനോക്കിയപ്പോള്‍ ഒരു ഫോട്ടോ ഫ്രെയിം.
10 വര്‍ഷം മുന്‍പ് ജോലിയില്‍ നിന്നും വിരമിച്ച ഹെഡ് മാസ്റര്‍ വാര്യര്‍ സാറിന്‍റെ ഫോട്ടോ ആയിരുന്നു അത്.
അല്‍പസമയം ആ ഫോട്ടോയിലേക്ക് നോക്കിനിന്ന ഗോപാലന്‍ സാര്‍ പോക്കറ്റില്‍ നിന്നും തൂവാല എടുത്ത് നെറ്റിയിലെ വിയര്‍പ്പ് തുടച്ചു. ഉടനെ തന്നെ ഓഫീസ് പൂട്ടി അടുത്ത ബസില്‍ കയറി ടൌണിലേക്ക് പോയി.
അന്ന് രാവിലെ എടുത്ത സ്വന്തം ഫോട്ടോ ഫ്രെയിം ചെയ്യേണ്ടഎന്ന് സ്റ്റുഡിയോയില്‍ പോയി പറയാനായിരുന്നു അത്.
