പട്ടിണി കിടന്നു മടുത്തിട്ടാ നാടുവിട്ടത് .
തമിഴ്നാടുവരെ പോയാല്‍ മതി എന്ന് കരുതി പുറപ്പെട്ടു. എത്തിയത് ഡല്‍ഹിയില്‍!
ഏതായാലും നാടുവിട്ടു. തമിഴ്നാടായാലെന്ത് ഡല്‍ഹിയായാലെന്ത് ? അന്ന്യനാടുതന്നെ .
പക്ഷെ ഇപ്പോള്‍ അന്ന്യനാട്ടില്‍ പട്ടിണി കിടക്കുന്നു എന്നൊരു വ്യത്യാസം മാത്രം. രാത്രി കിടപ്പ് വഴിയില്‍.
എന്തെങ്കിലും പണി കിട്ടിയാല്‍ നാളെ വല്ലതും കഴിക്കാം എന്ന പ്രതീക്ഷയില്‍ ആണ് ഉറങ്ങാന്‍ കിടന്നത്.
വിശപ്പും ക്ഷീണവും ഉണ്ടെങ്കില്‍ പിന്നെ ഉറങ്ങാന്‍ വിഷമമില്ലല്ലോ ?
ആളുകളുടെ നിലവിളിയും ഓടുന്ന ശബ്ദവും കേട്ടാണ് ഉണര്‍ന്നത്. എന്തൊരു ബഹളം. എന്താണാവോ സംഭവം?
പോലീസ് ആളുകളെ ഓടിക്കുന്നു. ചിലര്‍ ഓടുന്നു. മറ്റുചിലര്‍ മുദ്രാവാക്യം വിളിക്കുന്നു.
കണ്ണൊക്കെ നീറാന്‍ തുടങ്ങി. കിടന്നിടത്തുനിന്നും എഴുന്നേറ്റ് ഓടാതെ ഇനി നിവര്‍ത്തി ഇല്ല.
കൂടെ ഓടിയ ഒരു ചെരുപ്പുകുത്തി ആണ് എന്നോട് കാര്യം പറഞ്ഞത് . “രാംദേവ് സ്വാമി പട്ടിണി കിടക്കാന്‍ പോലീസ് അനുവദിക്കില്ലത്രെ. അങ്ങേര് പട്ടിണി കിടന്നാല്‍ വല്ല്യ പ്രശ്നമാകും പോലും.”
ട്രെയിനിലെ മൂന്ന്‍ ദിവസം കൂടി കൂട്ടി ഇന്നിപ്പോള്‍ എഴുദിവസമായി ഞാന്‍ പട്ടിണി കിടക്കുന്നു. ഒരു കുഴപ്പവും ഇല്ല. രാംദേവ് സ്വാമി പട്ടിണി കിടന്നാല്‍ ഈ പോലീസിനെന്താണോ നഷ്ടം?
